Monday, August 4, 2014

ജീവിതയാത്രകൾ -1

കർക്കിടക മാസത്തെ മഴപെയ്യുന്ന രാത്രികളിൽ കണ്ണൂരിലെ എന്റ്‌ പ്രിയ കൂട്ടുകാരൻ ജഗദീഷിനെ ഓർക്കാതെ പോകാൻ കഴിയില്ല ...

ജോലിസ്ഥലത്തിനടുത്ത്‌ റൂമെടുത്ത്‌ താമസിച്ച ഉടനെ അവൻ എന്റെയടുത്ത്‌ വന്നു ചോദിച്ചു ..
' ഞാനെന്റെ പുസ്തകങ്ങൾ ഇവിടെ ഒരരികിൽ കൊണ്ട്‌ വെച്ചോട്ടെ.. ? കൂലിപ്പണി ചെയ്ത്‌ വാങ്ങിയ വിലപിടിപ്പുള്ള പുസ്തകങ്ങളാണ്... വീട്‌ നനഞ്ഞൊലിക്കാൻ തുടങ്ങി.. പുസ്തകങ്ങൾ നശിക്കാനും.. പറ്റുമെങ്കിൽ ഞാനും ഈ പുസ്തകങ്ങളുടെ കൂടെ രാത്രി മാത്രം കിടന്നോട്ടെ...? ചെറിയ വീട്ടിൽ ധാരാളം അംഗങ്ങൾ .. കിടക്കാനുള്ള ഇടമില്ല .. '

ഞാൻ അനുവാദം നൽകി ... നിർബന്ധിച്ചിട്ടും അവൻ കട്ടിലിൽ കിടന്നില്ല .. പുസ്തകങ്ങളെ കുറിച്ച്‌ മാത്രം സംസാരിച്ച്‌ പുസ്തകങ്ങളുടെ കൂടെ തറയിൽ കിടന്നു ...

റമളാൻ നോമ്പ്‌ കാലത്ത്‌ അവന്റെ അമ്മ എനിക്ക്‌ വേണ്ടി അത്താഴവും നോമ്പ്‌ തുറക്കാനുള്ള വിഭവങ്ങളും കൊടുത്തയക്കും... എനിക്കുള്ള ഭക്ഷണവുമായിട്ടായിരിക്കും മിക്ക ദിവസങ്ങളിലും അവന്റെ വരവ്‌ .. വെള്ളിയാഴ്ചകളിൽ ദൂരെയുള്ള (വാഹന സൗകര്യം കുറഞ്ഞ സ്ഥലത്തെ) പള്ളിയിലേക്ക്‌ അവനെന്നെ കൂട്ടുകാരുടെ ബൈക്ക്‌ കടം വാങ്ങി കൊണ്ടു പോകും...

ആകെ ഒരു സങ്കടമേ അവനൊള്ളൂ...
നന്നായി പഠിച്ചു ... അറിവു നേടി ... ഇനിയും ഒരു ജോലിയായില്ല .. രാവിലെ റബ്ബർ ടാപ്പിങ്ങിനു പോകുമ്പോൾ പലരും കളിയാക്കും...
കല്യാണമാലോചിച്ച സമയം പെൺകുട്ടിയുടെ അഛൻ ജോലിയില്ലാത്തവനെന്ന് പരസ്യമായി അപമാനിച്ചു വിട്ട ദിവസം അവൻ എന്റെയടുത്ത്‌ ഒരുപാട്‌ കരഞ്ഞു ..

ഒരു ദിവസം... കനത്ത മഴയുള്ള രാത്രി .. ഞങ്ങൾ ഉറക്കത്തിലാണ് ...
എനിക്ക്‌ ശരീരത്തിൽ പെട്ടെന്ന് കടുത്ത വേദന ...
ജീവിതത്തിൽ ആദ്യമായി ഒരു കൂട്ടുകാരന്റെ വിലയറിഞ്ഞ നിമിഷം ...
അവൻ ആ രാത്രി സഹായം തേടി എവിടെയെല്ലാം പോയി എന്നെനിക്കറിയില്ല ...
ചില ബാമുകൾ ശരീരത്തിൽ പുരട്ടി .... വേദന അൽപം ശമിച്ചു ...
ആ രാത്രി ഞങ്ങൾ ഉറങ്ങിയില്ല ...
പുലർച്ചെ അവനെന്നെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി ...
ദീർഘകാല ചികിത്സ ആവശ്യമായതിനെ തുടർന്ന് അവനെന്നെ നാട്ടിലേക്ക്‌ ബസ്സിൽ യാത്രയയക്കാനൊരുങ്ങി... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ...
ബസ്സിൽ കയറുന്നതിനു മുമ്പേ ഞാനവന്റെ കൈ പിടിച്ചു പറഞ്ഞു ...

'ഈ ചെയ്ത നന്മകൾക്ക്‌ പ്രതിഫലമായി അള്ളാഹു നിനക്ക്‌ നല്ലൊരു ജോലി നൽകും... കുടുംബത്തിന് സമാധാനവും ഉണ്ടാകും .. ഇൻഷാ അള്ളാഹ്‌ ...'

ഇപ്പോഴവൻ കേരള പോലീസിൽ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും അവനെക്കാളേറെ സന്തോഷം എനിക്കുണ്ട്‌ ...

പ്രിയകൂട്ടുകാരാ .. സ്നേഹത്തോടെ ഓർക്കുന്നു നിന്നെ ഞാൻ ... 

No comments:

Post a Comment