Friday, January 6, 2012

കാളപൂട്ട് മത്സരം - ( അരീക്കോട് കീഴ്‌പറമ്പില്‍ നിന്നും)


കാളപൂട്ട് മത്സരം - ( അരീക്കോട് കീഴ്‌പറമ്പില്‍  നിന്നും)


കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സാധാരണയായി നടത്താറുള്ള മത്സരമാണ് കാളപ്പൂട്ടു മത്സരം . ചെളി നിറഞ്ഞ നിരപ്പായ വയലാണ് ഈ മത്സരത്തിനു വേണ്ടി തെരഞ്ഞെടുക്കുന്നത്. ഇതിനു പൂട്ട്‌ കണ്ടം എന്ന് പറയും. കന്നുകളെ നന്നായി സംരക്ഷിക്കുന്ന കര്‍ഷകന് അവയുടെ ഊക്കും ഉശിരും പ്രകടിപ്പിക്കാനുള്ള അവസരമാണ് കാളപൂട്ട് മത്സരം . കാര്‍ഷികോത്സവത്തിന്റെ ഭാഗമായി കിഴുപറമ്പില്‍നടന്ന കാളപൂട്ട് മത്സരം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള നൂറുകണക്കിന് ആളുകളെ ആകര്‍ഷിച്ചു. കിഴുപറമ്പ് കര്‍ഷകസംഘം സംഘടിപ്പിച്ച മത്സരത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള നാല്പതില്‍പ്പരം ജോഡി കന്നുകളാണ് മത്സരിക്കാനെത്തിയത്.
ഊര്‍ച്ചത്തെളി, മണ്ടിത്തെളി, പിടിവള്ളിത്തെളി എന്നിങ്ങനെ മൂന്നിനങ്ങളിലായിരുന്നു മത്സരം. ഊര്‍ച്ചത്തെളിയില്‍ ചെറുവാടി അയമുവിന്റെയും മണ്ടിത്തെളിയില്‍ കുനിയില്‍ പുല്‍പ്പറമ്പില്‍ മാമുക്കുട്ടിയുടെയും പിടിവള്ളിത്തെളിയില്‍ കിഴുപറമ്പിലെ കുഞ്ഞി എന്ന ദാമോദരന്റെയും കന്നുകള്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി. കിഴുപറമ്പ് ഗ്രാമപ്പഞ്ചായത്തംഗം പി.പി.എ. റഹ്മാന്‍ മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ അലി കാരങ്ങാടന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ഇ. ശുഐബ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.സി. ചെറിയാത്തന്‍, എം.എം. മുഹമ്മദ് എന്നിവരും എം.ഇ. ഫസല്‍, കെ.പി. അബ്ദുഹാജി എന്നിവരും പ്രസംഗിച്ചു. പൂട്ടുകണ്ടത്തില്‍ ദശാബ്ദക്കാലം നിറസാന്നിധ്യമായി നില്‍ക്കുന്ന കുനിയില്‍ കൊളക്കാടന്‍ ബാപ്പുട്ടിയെ പൂട്ടുകണ്ടത്തില്‍വെച്ച് ഗ്രാമപ്പഞ്ചായത്തംഗം പി.പി.എ. റഹ്മാന്‍ ഉപഹാരം നല്‍കി ആദരിച്ചു. സമാപനച്ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്തംഗം എം.എം. മുഹമ്മദ് സമ്മാനം വിതരണം ചെയ്തു. കാളപൂട്ട് മത്സരം നിയമ വിധേയമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കിഴുപറമ്പില്‍ നടന്ന കാളപൂട്ട് മത്സരത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്വാഗതം പറഞ്ഞ കണ്‍വീനര്‍ എം.ഇ. ശുഐബാണ് ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് പ്രസംഗിച്ചവരും ഈ ആവശ്യം ആവര്‍ത്തിച്ചു. കന്നുകളെ നന്നായി സംരക്ഷിക്കുന്ന കര്‍ഷകന് അവയുടെ ഊക്കും ഉശിരും പ്രകടിപ്പിക്കാനുള്ള അവസരമാണ് കാളപൂട്ട് മത്സരമെന്ന് കര്‍ഷകര്‍ പറഞ്ഞു. സ്വന്തം മക്കളെക്കാള്‍ പരിപാലിച്ച് വളര്‍ത്തുന്ന കാളകളെ കര്‍ഷകര്‍ പീഡിപ്പിക്കുമെന്ന് കണക്കുകൂടുന്നത് അജ്ഞത കൊണ്ടാണ്. കുതിരയോട്ട മത്സരം പോലെയുള്ള സമ്പന്ന വിഭാഗത്തിന്റെ മത്സരം നടക്കുന്ന നാട്ടില്‍ കര്‍ഷകന്റെ മത്സരം തടയുന്നതിന് പിന്നില്‍ സദുദ്ദേശമല്ല ഉള്ളതെന്നും കര്‍ഷകര്‍ പറഞ്ഞു.


Click this link to view this photograph in High Quality-   http://saifarash.blogspot.com/2012/01/cow-racing-festival-kerala.html


No comments:

Post a Comment