ഇന്ത്യയിലെ ആദ്യ ഡൈനമിറ്റ് സ്‌ഫോടനത്തിന് ഇന്ന് 130 വയസ്സ് തികയുന്നു. രാജ്യത്ത് ആദ്യമായി ഡൈനമിറ്റ് പരീക്ഷിച്ചത് 1884 ഡിസംബര്‍ 28നാണ്. കിഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂര്‍ ക്ഷേത്രകവാടത്തിലായിരുന്നു ആദ്യപരീക്ഷണം.
കോഴിക്കോട്, മലപ്പുറം ജില്ലകളുെട അതിര്‍ത്തിപങ്കിടുന്ന കിഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ് കുന്നിന്‍മുകളിലുള്ള ഈ ക്ഷേത്രം കേരളത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്.ഇന്ത്യയില്‍ ആദ്യത്തെ ഡൈനമിറ്റ് സ്‌ഫോടനം തൃക്കളയൂര്‍ ക്ഷേത്രത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് വില്യംലോഗന്റെ മലബാര്‍മാന്വലിലും പറയുന്നുണ്ട്.
തോക്കും വെടിക്കോപ്പുകളുമായി ക്ഷേത്രത്തിനകത്തുകയറി യുദ്ധംപ്രഖ്യാപിച്ച കിഴുപറമ്പിലെ കോളക്കോടന്‍ കുട്ടിഹസ്സെനയും സംഘെത്തയും പിടികൂടാനാണ് ബ്രിട്ടീഷുകാര്‍ക്ക് ഡൈനമിറ്റ് പരീക്ഷിക്കേണ്ടിവന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിയുദ്ധം നടത്തിവന്ന കുട്ടിഹസ്സന്‍ 1884 ഡിസംബര്‍ 26ന് കുടുംബാംഗങ്ങളോട് ആലോചിച്ചശേഷമാണ് പ്രത്യക്ഷപോരാട്ടത്തിനിറങ്ങിയത്. 27 ശനിയാഴ്ച അനിയന്‍ വീരാന്‍കുട്ടി ഉള്‍പ്പെടെ 12 അംഗസംഘം ബ്രിട്ടീഷ് പട്ടാളത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന മലപ്പുറത്തേക്ക് നീങ്ങി.
മലപ്പുറത്ത് കണ്ണഞ്ചീരി രാമന്‍ എന്നൊരാള്‍ ഇസ്ലാംമതം സ്വീകരിച്ചെന്നുപറഞ്ഞ് മുസ്ലിങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്ക് രഹസ്യം ചോര്‍ത്തിനല്‍കിയിരുന്നു. ഇതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രാമന് പാരിതോഷികംനല്‍കി ആദരിക്കുകയാണെന്ന തോന്നല്‍ കുട്ടിഹസ്സനും മറ്റു‚ം രാമനോടുള്ള ശത്രുത വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടിഹസ്സനും സംഘവും രാമനെത്തേടി മലപ്പുറത്തെത്തിയത്.
1884 ഡിസംബര്‍ 27ന് ശനിയാഴ്ച മലപ്പുറത്തെത്തിയ സംഘം രാമനെത്തേടിയെത്തിയത് സഹോദരന്‍ ചോയിക്കുട്ടി താമസിക്കുന്ന വീട്ടിലാണ്. വാതില്‍ തുറന്നിറങ്ങിയ ചോയിക്കുട്ടി തല്‍ക്ഷണം കുട്ടിഹസ്സന്റെ തോക്കിനിരയായി. തുടര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും ഓടിച്ച് ഓലവീടിന് തീയിട്ടിട്ടും ബ്രിട്ടീഷ് സൈന്യം രംഗത്തിറങ്ങിയില്ല. ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പൊന്നും കാണാതെവന്നതിനെത്തുടര്‍ന്ന് കുട്ടിഹസ്സനും സംഘവും വിജയഭേരിമുഴക്കി അരീക്കോട് ഭാഗത്തേക്ക് നീങ്ങുകയുംെചയ്തു.
അരീക്കോട്ടെത്തിയ സംഘത്തില്‍നിന്ന് ഏഴുപേര്‍ ചാലിയാര്‍ കടന്ന് കിഴുപറമ്പിലെ പുരാതന മുസ്ലിംപള്ളിയായ ചൂരോട്ട് ജുമാമസ്ജിദിലേക്ക് ആദ്യംപോയി. അവിടെനിന്ന് സംഘം നേരെ തൃക്കളയൂര്‍ ക്ഷേത്രത്തിലേക്ക് നീങ്ങുകയായിരുന്നു. ക്ഷേത്രത്തിനകത്ത് കയറിയാല്‍ സുരക്ഷിതരായി പട്ടാളത്തിനുനേരെ വെടിവെക്കാനുള്ള സൗകര്യമായിരുന്നു സംഘത്തെ ആകര്‍ഷിച്ചത്.
സംഘം ക്ഷേത്രത്തിനകത്ത് കയറിയതോടെ കോഴിക്കോട്ടുനിന്നും പോലീസ് സൂപ്രണ്ട് മേജര്‍ എഫ്. ഹോലെയുടെ നേതൃത്വത്തിലുള്ള വന്‍സംഘവും സ്ഥലത്തെത്തി. പട്ടാളം ക്ഷേത്രഗോപുരത്തിനടുത്തെത്തിയതോടെ കുട്ടിഹസ്സനും സംഘവും വെടിവെപ്പ് തുടങ്ങി. തിരിച്ച് വെടിയേല്‍ക്കുന്നില്ലെന്ന് കണ്ടതോടെ പോലീസ് കുഴങ്ങി. ഭ്രാന്തിയുടെ രൂപത്തില്‍ ക്ഷേത്രത്തിനകത്തുകയറിയ കുട്ടിഹസ്സന്റെ ഏകസഹോദരി പാത്തുമ്മ ആവശ്യമായ വെടിക്കോപ്പുകളും മറ്റുംകൈമാറിയത് കുട്ടിഹസ്സനും സംഘത്തിനും ആത്മധൈര്യം വര്‍ധിപ്പിച്ചു. പോലീസിനെതിരെ അവര്‍ വെടിവെപ്പ് ശക്തമാക്കുകയുംചെയ്തു.
ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ കുര്‍ട്ടീസ് മദ്രാസില്‍നിന്നെത്തിച്ച ഡൈനമിറ്റിന്റെ പ്രാകൃതരൂപം പരീക്ഷിക്കാന്‍ പട്ടാളം നിര്‍ബന്ധിതരാവുകയായിരുന്നു. ഡൈനമിറ്റ് കളിമണ്ണില്‍ പൊതിഞ്ഞ് മാലപ്പടക്കംപോലെ ക്ഷേത്രചുമരുകളിലും കവാടത്തിലും പതിച്ച് തീകൊടുക്കാനായിരുന്നു പട്ടാളത്തിന്റെ തീരുമാനം.തീകൊളുത്തിയതോടെ ഉണ്ടായ വലിയ പൊട്ടിത്തെറിയില്‍ ക്ഷേത്രകവാടങ്ങള്‍ തകര്‍ന്നു. അകത്തേക്ക് ഇരച്ചുകയറിയ പട്ടാളം സംഘത്തിലെ മുഴുവനാളുകളേയും വധിച്ചു. 24 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ മൂന്നു തോണിനിറയെ ശവങ്ങളുമായാണ് പട്ടാളം തിരിച്ചുപോയത്.
ക്ഷേത്രത്തില്‍ ഡൈനമിറ്റ് പൊട്ടിച്ച സംഭവം വിവരിച്ചശേഷം വില്യംലോഗന്‍ പറയുന്നു ''യുദ്ധത്തിലായാലും പ്രാദേശിക അസ്വസ്ഥതകള്‍ നേരിടാനായാലും ഇന്ത്യയില്‍ ആദ്യമായി ഡൈനമിറ്റ് ഉപയോഗിച്ചസംഭവം ഇതാണെന്നുപറയാം (പേജ് 368).നിരന്തരം ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന തൃക്കളയൂര്‍ ക്ഷേത്രത്തില്‍ കുറച്ചുകാലമായി നടന്നുവരുന്ന ജീര്‍ണോദ്ധാരണപ്രവര്‍ത്തനവും നവീകരണകലശവും അവസാനഘട്ടത്തിലേക്കടുക്കുകയാണ്. പ്രധാനദേവിയായ ശ്രീപാര്‍വതീവിഗ്രഹം തടിയില്‍തീര്‍ക്കാന്‍ പറവൂര്‍ രാധാകൃഷ്ണന്‍ആചാരിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ത്തന്നെ പണിപുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
കടപ്പാട് - Mathrubhumi - http://goo.gl/EBN8mH
ഗുഡ് ജോബ്
ReplyDelete