Saturday, March 15, 2014

സി.എച്ചിന്റെ തൂലിക -1


'ഖുത്തുബയുടെ വിധികൾ ' എന്ന കെ.കെ.എം. ജമാലുദ്ദീൻ മൗലവിയുടെ പുസ്തകം നിരൂപണം ചെയ്തുകൊണ്ട് സി.എച്ച് മുഹമ്മദ്‌ കോയ 1953 മാർച്ച് 15 മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ ലേഖനത്തിൽ നിന്നും -

മുസ്‌ലീംകളുടെ വെള്ളിയാഴ്ച്ച പ്രാർഥനയുടെ മുമ്പ് നടക്കുന്ന രണ്ടു മത പ്രസംഗങ്ങളെയാണ് ജുമുഅ ഖുതുബ എന്ന് പറയുന്നത് . അത് മാതൃഭാഷയിൽ നിർവഹിച്ചാൽ മതിയെന്നും അതിന്റെ ചില ചടങ്ങുകൾ മാത്രമേ അറബിയിൽ വേണ്ടതുള്ളൂ എന്നും പരിഷ്ക്രിതാശയക്കാരായ വഹാബി വിഭാഗം വാദിക്കുന്നു . ഖുതുബ അറബി ഭാഷയിലേ പാടുള്ളൂ , ശ്രോതാക്കൾക്ക് അത് മനസ്സിലാകുമോ എന്ന് നോക്കേണ്ടതില്ല , പൂർവികന്മാർ ചെയ്തതാണ് ശരി എന്നാണ് യാഥാസ്ഥികന്മാരായ സുന്നികൾ പറയുന്നത് . രണ്ടു മൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് സുന്നി ഉലമാക്കളുടെ ഒരു സമ്മേളനം മീഞ്ചന്തയിൽ ചേർന്ന് വിലക്കുന്നത് വരെയും സുന്നികളുടെ ഇടയിൽ തന്നെ അറബി ഖുതുബകൾ പരിഭാഷപ്പെടുത്തുന്ന പതിവുണ്ടായിരുന്നു . ആ സമ്മേളനത്തോട് കൂടിയാണ് ദശവത്സരങ്ങളായി ആ പതിവ് തെറ്റാണെന്നുള്ള ബോധോദയം ഉണ്ടായത് .

ജനങ്ങൾക്ക് ആത്മീയമായ ദൈനം ദിന പ്രശ്നങ്ങളെ കുറിച്ച് ഉദ്ബോധനം നല്കുന്നതിനാണ് ഖുതുബ . പണ്ടാരോ എഴുതി വെച്ച അറബി പ്രസംഗങ്ങൾ വായിക്കുന്നത് കൊണ്ട് ആ ഉദ്ദേശം നിറവേറ്റപ്പെടുന്നില്ല . ഇത്രയും സംഗതികൾ സുന്നികളുടെ പ്രമാണ ഗ്രന്ഥമായ ശാഫീഈ ഇമാമിന്റെ 'ഉമ്മു' മുതലായ കിതാബുകൾ ഉദ്ധരിച്ച് തെളിയിക്കുയാണ് ജമാലുദ്ദീൻ മൗലവി ഇവിടെ ചെയ്യുന്നത് .

ഒരു താരതമ്യ പഠനത്തിനുതകുമാറു സുന്നികളുടെ അഭിപ്രായ ഗതികൂടി പുസ്തകത്തിൽ ചേർക്കണമെന്ന് പ്രസാധകന്മാർക്ക് ഉദ്ദേശ്യമുണ്ടായിരുന്നു . തങ്ങളുടെ വാദങ്ങൾ ദുർബലമാണെന്ന അപകർഷബോധം തീർച്ചയായും സുന്നികൾക്ക് ഉണ്ടാവില്ല . പിന്നെ എന്തേ അവരിതനുവദിക്കാത്തത് ?

മതപരമായ തർക്കങ്ങളെക്കുറിച്ചെഴുതുന്ന മൗലവിമാർ ഈ ഭാഷയുടെ രൂക്ഷത ഒന്ന് കുറയ്ക്കേണ്ടതും കുറച്ചുകൂടി പ്രതിപക്ഷ മര്യാദ കാണിക്കേണ്ടതുമാണ് .

— reading സി.എച്ചിന്റെ തൂലിക ( ഒലിവ് ).

No comments:

Post a Comment