'1923 ആഗസ്റ്റ് 11 -നു കൽത്തുറുങ്കിൽ നിന്നു വിട്ടു നിന്ന ഉടൻതന്നെ ലഹളയിൽ കരിഞ്ഞു കരിവാളിച്ചിരുന്ന പ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച അബ്ദുറഹിമാൻ തകർന്ന ഹൃദയത്തോടെയാണ് മടങ്ങിയെത്തിയത് . എല്ലാം നഷ്ടപ്പെട്ടു പേക്കോലങ്ങളായ യുവതികൾ; ദുരിതത്തിൽ കിടന്നു പിടയുന്ന പിഞ്ചു കുഞ്ഞുങ്ങൾ; എല്ലും തൊലിയുമായ ബാലികാബാലന്മാർ; ............
ഭാവി പൗരന്മാരാകേണ്ട കുഞ്ഞുങ്ങളുടെ ഇരുളടഞ്ഞ ഭാവിയാണ്, സമുദായത്തിന്റെയും ഒപ്പം തന്നെ രാഷ്ട്രത്തിന്റെയും ഭാവിയിൽ ദത്തശ്രദ്ധനായ ആ പരിഷ്കർത്താവിനെ കൂടുതൽ ചിന്താകുലനാക്കിയത് . ആ കരുണക്കടൽ ഇളകി മറിഞ്ഞു. കോക്കനാടയിലെ ഖിലാഫത്ത് സമ്മേളനത്തിനു ശേഷം അദ്ദേഹം ഉത്തരേന്ത്യയിലെ പ്രമുഖരായ പല മനുഷ്യസ്നേഹികളെയും കണ്ടു . പഞ്ചാബിലെ ഖസൂരി കുടുംബത്തെയും സമീപിച്ചു.
ജമാഅത്തേ ദഅവത്തോ തബ് ലീഗെ ഇസ്ലാം ( ജെ .ഡി .റ്റി .ഇസ്ലാം ) എന്ന സംഘത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരത്തിൽ ധീരമായി പങ്കു വഹിച്ച ദേശീയവാദിയും ഉദാരധനികനുമായ മൗലാന അബ്ദുൽ ഖാദർ ഖസൂരി തന്റെ സഹപ്രവർത്തകരുടെ കൂടെ പഞ്ചാബിൽ നിന്നും മലബാറിലെത്തി. ലഹളയിൽ വെന്തെരിഞ്ഞ ഭയാനകവും ശോകമൂകവുമായ പ്രദേശങ്ങളിൽ അവർ സഞ്ചരിച്ചു. ആറു സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചു. കോഴിക്കോട്ട് ഒരു അനാഥാലയവും ഏർപ്പെടുത്തി.
അന്നത്തെ മഹത്തായ ഈ ആതുരസേവനത്തിന്റെ ചിരന്തന സ്മാരകമാണ് ഇന്ന് മേരിക്കുന്നിൽ പ്രശസ്തമായി ഉയർന്നു നിൽക്കുന്ന ജെ.ഡി.റ്റി അനാഥശാലയും വിദ്യാലയവും അനുബന്ധ സ്ഥാപനങ്ങളും. യഥാർഥത്തിൽ അവശതയിൽ മൂകരായമർന്നു കിടക്കുന്നവർക്കു വേണ്ടി ശബ്ദമുയർത്തുകയും തൂലിക ചലിപ്പിക്കുകയും അക്ഷീണ പരിശ്രമം നടത്തുകയും ചെയ്ത അബ്ദുറഹിമാനെന്ന മഹാനായ മനുഷ്യസ്നേഹിയുടെ ഒരു സ്മാരകവുമാണത് . അദ്ദേഹത്തിന്റെ വിവിധ സ്മാരകങ്ങളിൽ ഒന്നു മാത്രം'.
- മുഹമ്മദ് അബ്ദുറഹിമാൻ - ജീവചരിത്രം
( എസ്.കെ പൊറ്റക്കാട് , പി.പി. ഉമ്മർ കോയ , എൻ.പി. മുഹമ്മദ് , കെ .ഏ . കൊടുങ്ങല്ലൂർ )
No comments:
Post a Comment