മൂന്നാറിൽ കാലം തെറ്റി നീലക്കുറിഞ്ഞി പൂത്തു എന്ന വാർത്ത കേൾക്കുന്നതിനു മുമ്പേ മൂന്നാർ ബൈസണ്‍വാലിയിലെ സുഹൃത്ത് മനോജേട്ടൻ വിളി തുടങ്ങിയിരുന്നു ...
എന്ന് വരും ..എന്ന് വരും ... എന്ന് ചോദിച്ച് ... ചൊക്രമുടിയിലെ പുല്മേടുകളൊക്കെ പൂക്കൾ നിറഞ്ഞിരിക്കുകയാണെന്ന് കേട്ടയുടനെ അങ്ങോട്ട് തിരിച്ചു ...
വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന സ്‌ട്രോമ്പിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നീലക്കുറിഞ്ഞി എങ്ങനെ കാലം തെറ്റി പൂത്തു എന്നതാണ് ആദ്യം അന്വേഷിച്ചത് ...
പശ്ചിമഘട്ടത്തിൽ മുഴുവൻ ഒരു സീസണിലാണ് നീലക്കുറിഞ്ഞി പൂക്കുക എന്ന ആരുടെയോ തെറ്റിദ്ധാരണയിൽ നിന്നാണ് ഇവിടെ കുറിഞ്ഞി 'കാലം തെറ്റി പൂത്തത്' ...
മുളകൾ പൂക്കുന്നത് 30- 40 വര്‍ഷത്തിലൊരിക്കലാണ്. പൂക്കുന്ന സമയമായാല്‍ വലിയൊരു ഭൂപ്രദേശത്തെ മുളങ്കാടുകളെല്ലാം ഒന്നിച്ച് പൂവണിയുന്നു. എന്നാൽ കേരളം മുഴുവൻ ഒന്നിച്ച് മുളകൾ പൂക്കാറില്ല. അതുപോലെതന്നെ നിശ്ചിത ഭൂപ്രദേശത്ത് കുറിഞ്ഞിച്ചെടികളുടെ പ്രായം 12 വർഷമായാൽ അവ കൂട്ടത്തോടെ പൂക്കുന്നു. വീണ്ടും വിത്ത് മണ്ണിൽ വീണ് മുളച്ച് അടുത്ത 12 വർഷം പൂക്കാൻ തയ്യാറായി ചെടി വളർന്നു പാകപ്പെടുന്നു.
ഇതിനു മുമ്പ് 2006 ൽ മൂന്നാർ രാജമലയിൽ കുറിഞ്ഞി പൂത്ത സമയത്ത് ഇപ്പോൾ പൂത്തുനിൽക്കുന്ന സ്ഥലങ്ങളിൽ കുറിഞ്ഞിച്ചെടികൾ പൂത്തിട്ടില്ലായിരുന്നു . ഈ പ്രദേശങ്ങളിൽ കൃത്യം 12 വർഷത്തിലാണ് കുറിഞ്ഞി പൂത്തത്. അതായത് കാലം തെറ്റി പൂത്തു എന്ന വാർത്ത തെറ്റാണെന്നാണ് നാട്ടുകാർ പറയുന്നത്.
മനോജേട്ടന്റെയും ബിജുവേട്ടന്റെയും കൂടെ ഞാനും കുടുംബവും ചോക്രമുടിയിലെ 'കുറിഞ്ഞി മല' കയറാൻ തുടങ്ങി. നീലക്കടൽ പോലെ പരന്നുകിടക്കുന്ന പൂക്കൾ ... 'നീലാകാശവും നീലമലയും തൊട്ടുനിൽക്കുന്നു ...
എത്ര നേരം പൂക്കളുടെ കൂടെ ചിലവഴിച്ചു എന്നറിയില്ല ...
തിരിച്ചിറങ്ങുമ്പോൾ വഴിയിലും താഴെ റോഡിലും നിറയെ കുറിഞ്ഞിച്ചെടികളുടെ കമ്പുകൾ ... ആരോ ചെടികൾ നശിപ്പിച്ചിരിക്കുന്നു ... മുമ്പേ വന്ന കാണികളുടെ ക്രൂരത...
കൂടുതൽ ചിത്രങ്ങൾക്ക് -
http://www.saifarash.blogspot.in/